ന്യൂഡൽഹി: ഭീകരവാദവിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.ആയുധപരിശീലനത്തിനായി അതിർത്തി കടന്ന് പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരം കുറ്റാരോപിതനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതി റദ്ദാക്കി.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേസുകൾ കോടതികൾ നിസ്സാരമായി കാണരുതെന്ന് സുപ്രംീകോടതി ചൂണ്ടിക്കാട്ടി. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവമാണ് പരിഗണിക്കേണ്ട മറ്റൊരു വശം, അത് ഇന്ത്യയെ മാത്രമല്ല, മറ്റ് ശത്രു രാജ്യങ്ങളെയും ബാധിക്കും. വിഷയം അത്ര നിസാരമായി കാണേണ്ടതില്ലായിരുന്നുവെന്നാണ് സുപ്രീംകോടി പരാമർശം.
ടാഡ കേസിലെ 1994ലെ സുപ്രീം കോടതി വിധിയെ ഹൈക്കോടതി തെറ്റായി ആശ്രയിച്ചെന്നും യുഎപിഎ കേസിലെ 2019ലെ വിധി അവഗണിച്ചെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം, യുഎപിഎ, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് . അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിന്റെ പേരിൽ ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി തള്ളിയത്.












