മുംബൈ : മഹാരാഷ്ട്രയിൽ ആദ്യമായി ഒരു വനിത പോലീസ് മേധാവിയാകുന്നു. മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ലയെ പോലീസ് ഡയറക്ടർ ജനറലായി ഏക്നാഥ് ഷിൻഡെ സർക്കാർ നിയമിച്ചു. മുൻ ഡിജിപി രജനിഷ് സേത്ത് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എംപിഎസ്‌സി) ചെയർമാനായി നിയമിക്കുപ്പെട്ടതോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് രശ്മി ശുക്ല എത്തുന്നത്.
ഡിസംബർ 31 ന് രജനിഷ് സേത്ത് വിരമിച്ചതിന് ശേഷം മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ ആയിരുന്നു മഹാരാഷ്ട്ര ഡിജിപിയായി അധിക ചുമതല നിർവഹിച്ചിരുന്നത്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. പുതിയ ഡിജിപി രശ്മി ശുക്ല. അതിർത്തി കാവൽ സേനയായ സശാസ്ത്ര സീമ ബാലിന്റെ തലപ്പത്ത് കേന്ദ്ര ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു രശ്മി ശുക്ല.
നേരത്തെ പൂനെ പോലീസ് കമ്മീഷണറായും രശ്മി ശുക്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തി എന്ന ആരോപണം രശ്മി ശുക്ലക്കെതിരെ ഉയർന്നിരുന്നു. 2019ൽ ഉദ്ധവ് താക്കറെ നേതൃത്വം നൽകിയ സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന പേരിൽ രശ്മി ശുക്ലയെ സംസ്ഥാന ഇന്റലിജൻസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് സിവിൽ ഡിഫൻസിലേക്ക് മാറ്റിയിരുന്നു.









