ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മുൻ വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ (റിട്ട.) ജിതേന്ദ്ര മിശ്ര ചുമതലയേൽക്കും. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ അധ്യക്ഷതയിൽ അയോധ്യയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമർപ്പിച്ച പട്ടികയിൽ നിന്നാണ് 5,585 അപേക്ഷകരിൽ നിന്നും ജിതേന്ദ്ര മിശ്രയെ തിരഞ്ഞെടുത്തത്. ക്ഷേത്ര ഭരണത്തിൽ കൂടുതൽ സുതാര്യതയും പ്രൊഫഷണലിസവും കൊണ്ടുവരാനാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയിൽ നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച ജിതേന്ദ്ര മിശ്ര, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ പരിചയസമ്പന്നനാണ്. സർവോത്തം യുദ്ധ സേവാ മെഡൽ ജേതാവായ അദ്ദേഹം 2026 ഏപ്രിലിലാണ് വ്യോമസേനയിൽ നിന്ന് വിരമിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് തുകയുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സിഇഒ പദവി സൃഷ്ടിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം, സാമ്പത്തിക കാര്യങ്ങൾ, തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഇനിമുതൽ സിഇഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.
പുതിയ സിഇഒയെ നിയമിച്ചതിനൊപ്പം ട്രസ്റ്റിലേക്ക് മൂന്ന് പുതിയ അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വ. മദൻ മോഹൻ പാണ്ഡെ, ഡോ. നിർമ്മല യാദവ്, മഹേഷ് ഭഗ്ചന്ദ്ക എന്നിവരാണ് പുതിയ ട്രസ്റ്റിമാർ. അതേസമയം ട്രസ്റ്റ് ട്രഷററായ സ്വാമി ഗോവിന്ദ് ദേവ് ഗിരിയെ പുതിയ ജനറൽ സെക്രട്ടറിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗത്തിലാക്കാൻ ഈ അഴിച്ചുപണി സഹായിക്കുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ.











