കൊൽക്കത്ത : വരാനിരിക്കുന്ന ബംഗാൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തയാറെടുക്കുന്നതായി സൂചന. കേന്ദ്ര തലത്തിൽ ബിജെപിയുമായി സഖ്യത്തിലുള്ള തൃണമൂൽ വിമത അംഗങ്ങളുടെ പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) സംസ്ഥാനത്തും എൻഡിഎ സഖ്യമായി ജനവിധി തേടാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സ്വന്തം ശക്തിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി അടുത്തിടെ അധികാരത്തിലെത്തിയ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൻസിപിഐയിൽ ചേർന്ന മുൻ എംപിമാരായ സുദീപ് ബന്ദോപാധ്യായ, കാകോളി ഘോഷ് ദസ്തിദാർ തുടങ്ങിയ മുതിർന്ന നേതാക്കളാണ് ബിജെപിയുമായി പ്രാദേശിക തലത്തിൽ സഖ്യമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നത്. ഡൽഹിയിലെ സഖ്യ സമവാക്യങ്ങൾ കൊൽക്കത്തയിലേക്കോ ബംഗാളിലേക്കോ അതേപടി പകർത്തി എഴുതാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഷാമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകാന്ത മജുംദാറും വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ തൃണമൂലിൽ ഉണ്ടായിരുന്ന നേതാക്കളുമായി ചേർന്ന് മത്സരിക്കുന്നത് പാർട്ടിക്ക് താഴെത്തട്ടിൽ തിരിച്ചടിയാകുമെന്നാണ് ബിജെപി വിലയിരുത്തൽ.
ഡിസംബറോടെ നടക്കാൻ സാധ്യതയുള്ള കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ വാർഡുകളിലും ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താനാണ് ബിജെപി ഒരുങ്ങുന്നത്. കൊൽക്കത്തയിലെ 209 വാർഡുകളിലും സ്വന്തം സംഘടനാശേഷി ഉപയോഗിച്ച് വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. അതേസമയം, ബിജെപിയുടെ ഈ തീരുമാനത്തിൽ അമർഷമുള്ള എൻസിപിഐ നേതൃത്വത്തെ കേന്ദ്ര തലത്തിൽ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.










