എറണാകുളം: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹർജി പരിഗണിച്ചത്.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി ഹർജി നൽകിയത്. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ 25,000 രൂപയും തുല്യത്തുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലും ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസിൽ നേരത്തെ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ, പിന്നീട് ഗുരുതര വകുപ്പ് ചുമത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 27 കോഴിക്കോട് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവക്കുകയായിരുന്നു. ഇതേതുടർന്നാണ് മാദ്ധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. താൻ ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് മാദ്ധ്യമപ്രവർത്തകയോട് പെരുമാറിയതെന്ന് സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് തള്ളിക്കൊണ്ടാണ് ഇവർ പരാതിയുമായി മുന്നോട്ടുപോയത്.
Discussion about this post