മാലെ: പ്രധാനമന്ത്രിയെയും ഇന്ത്യയെയും അധിക്ഷേപിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നതിനിടെ മാലിദ്വീപിൽ നിർണായക കൂടിക്കാഴ്ച. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുനു മഹാവർ, മാലിദ്വീപിലെ മോഫയിലെത്തി അംബാസഡർ അലി നസീർ മുഹമ്മദുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലിദ്വീപ് പ്രതിനിധി ഇബ്രാഹിം ഷഹീബിനെ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സംഭവം
ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന് മുദ്രകുത്തിയ മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള ഇന്ത്യയോട് മാപ്പ് പറയുകയും മാലിദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കാരുടെ രോഷം മനസിലാക്കാവുന്നതേ ഉള്ളൂ എന്നും ന്യായമുള്ളതാണെന്നും സിറ്റിംഗ് എംപി കൂടിയായ ഇവാ അബ്ദുള്ള പറഞ്ഞു. നടത്തിയ അഭിപ്രായങ്ങൾ അതിരുകടന്നതാണ്. എന്നിരുന്നാലും, അഭിപ്രായങ്ങൾ ഒരു തരത്തിലും മാലിദ്വീപ് ജനതയുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല. നാണംകെട്ട അഭിപ്രായങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോട് വ്യക്തിപരമായി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post