പനാജി: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബംഗളൂരുവിലെ സ്റ്റാർട്ട്അപ്പ് സിഇഒ സുചന സേതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് യുവതിയുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണെന്നാണ് വിവരം. മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനുമായി ഏറെനാളായി പിരിഞ്ഞു താമസിക്കുന്ന സുചന മകനെ ആഴ്ചയിലൊരിക്കൽ അച്ഛനൊപ്പമയക്കണമെന്ന കോടതി ഉത്തരവിൽ അസ്വസ്ഥയായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാൻ ശ്രമം നടത്തിയതായും വിവരമുണ്ട്.
2010-ലാണ് പശ്ചിമബംഗാൾ സ്വദേശിയും ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമായ സുചന സേത്തും ഇന്തൊനേഷ്യയിൽ ഐ.ടി. സംരംഭകനായ വെങ്കിട്ടരാമനും വിവാഹിതരാകുന്നത്. 2019-ൽ മകൻ ജനിക്കുമ്പോഴേക്കും ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുടലെടുത്തിരുന്നു. സാമ്പത്തികബാധ്യതകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കം വിവാഹമോചനത്തിൽ കലാശിച്ചു. 2022-ലാണ് ഇവർ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
വടക്കൻ ഗോവയിലെ കൻഡോളിമിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രതി സുചന സേഥ് ചെക്ക് ഔട്ട് ചെയ്തത്. തുടർന്ന് ഇവിടുത്തെ തൊഴിലാളികൾ മുറി വൃത്തിയാക്കുന്നതിനിടെയാണ് രക്തക്കറ കണ്ടെത്തിയത്. തൊട്ടുപിന്നാലെ അപ്പാർട്ട്മെന്റ് അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ കർണാടകയിൽ തിരികെയെത്തിയ സുചനയെ ചിത്രദുർഗ ജില്ലയിലെ അമാൻഗള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റു ചെയ്തത്. ഗോവ പോലീസ് നൽകിയ വിവരത്തെ തുടർന്നാണ് നടപടി. ഗോവൻ പോലീസ് തിങ്കളാഴ്ച വൈകുന്നേരം കർണടകയിലെത്തി സൂചനയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post