എറണാകുളം : കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്കാണ് പോലീസ് സംരക്ഷണം നൽകാനായി ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ സെനറ്റ് യോഗത്തിനെത്തിയ ഈ അംഗങ്ങളെ എസ്എഫ്ഐ ഗേറ്റ് പൂട്ടി തടഞ്ഞുവെച്ചത് വലിയ വിവാദമായിരുന്നു.
പോലീസ് സംരക്ഷണം അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെനറ്റ് അംഗങ്ങൾക്ക് തൽസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കമുള്ള അംഗങ്ങളെ സെനറ്റ് ഹാളിന്റെ ഗേറ്റ് പൂട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ ഭീഷണിപ്പെടുത്തിയതായും അതിക്രമം നടക്കുന്ന സമയത്ത് പോലീസ് നോക്കി നിന്നതായും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
Discussion about this post