മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടല്‍ ബിഹാരി വാജ്പേയി സ്മൃതി നാവസേവ അടല്‍ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി അടൽ സേതു നാടിന് സമർപ്പിച്ചത്.
താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ചുള്ളതാണ് പുതിയ അടല്‍ സേതു കടല്‍പ്പാലം സാക്ഷാത്കരിച്ചതോടെ ഇനി മുതൽ മുംബൈ നഗരത്തിലെ യാത്രക്ക് വേഗതയേറും. മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.
17,840 കോടി രൂപ ചെലവിൽ നിർമിച്ച ഈ പാലത്തിന് 2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. 21.8 കിലോമീറ്റര്‍ ആണ് പാലത്തിന്റെ ആകെ നീളം. ഇതിൽ 16.5 കിലോമീറ്റര്‍ കടലിലും 5.5 കിലോമീറ്റര്‍ കരയിലുമാണ്. 27 മീറ്ററാണ് അടൽ സേതുവിന്റെ വീതി. മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിലാണ് പാലം അവസാനിക്കുന്നത്. ശിവാജി നഗർ, ജാസി, ചിർലെ എന്നിവിടങ്ങളിൽ പാലത്തിന് ഇന്റര്‍ചേഞ്ചുകള്‍ ഉണ്ട്.
മുംബൈ പോർട്ട് ജവഹർലാൽ നെഹ്രു പോർട്ട് എന്നിവ തമ്മിലുള്ള ദൂരവും പാലം കുറയ്ക്കും. മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. നേരത്തെ ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു.
Discussion about this post