ജീവിതത്തിലെ ഏറ്റവും വലിയ ദുരിതമായിരുന്നു ജയിൽ ശിക്ഷ അനുഭവിച്ച കാലമെന്ന് നടി റിയ ചക്രവർത്തി. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയ ജയിലിൽ ആയിരുന്നത്. കോവിഡ് കാലത്ത് ജയിലിൽ പോയതിനാൽ ഏകാന്തവാസമായിരുന്നു അനുഭവിച്ചിരുന്നതെന്നും റിയ വ്യക്തമാക്കി. എഴുത്തുകാരൻ ചേതൻ ഭഗതിന്റെ ചാറ്റ് ഷോയിൽ വെച്ചാണ് ജയിലിൽ നേരിട്ട ദുരാനുഭവങ്ങൾ റിയ ചക്രവർത്തി വെളിപ്പെടുത്തിയത്.
ശുചിമുറിയായിരുന്നു ജയിലിൽ ഏറ്റവും അസഹനീയമായിരുന്നതെന്ന് റിയ വ്യക്തമാക്കി. ബക്കറ്റുമായി ശുചിമുറിയ്ക്ക് മുൻപിൽ കാത്തു നിന്നിരുന്ന അനുഭവം ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും റിയ അഭിപ്രായപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ വലിയ മാനസിക പ്രശ്നമായിരുന്നു അതുണ്ടാക്കിയത്. കടുത്ത വിശപ്പും ക്ഷീണവും അനുഭവപ്പെട്ടിരുന്നതിനാൽ ജയിലിൽ നിന്നും കഴിക്കാൻ ലഭിച്ചിരുന്നത് എല്ലാം കഴിച്ചിരുന്നു എന്നും റിയ വ്യക്തമാക്കി.
ജയിലിലെ സമയക്രമം ആയിരുന്നു മറ്റൊരു പ്രശ്നമായിരുന്നതെന്നും റിയ ചക്രവർത്തി സൂചിപ്പിച്ചു. രാവിലെ ആറിന് ഗേറ്റുകൾ തുറക്കുമായിരുന്നു. വൈകിട്ട് 5 മണിക്ക് എല്ലാവരെയും തിരികെ മുറിക്കുള്ളിൽ കയറ്റും. രാവിലെ ആറുമണിക്ക് ആയിരുന്നു പ്രഭാത ഭക്ഷണം ലഭിച്ചിരുന്നത് 11 മണിക്ക് ഉച്ചഭക്ഷണവും രണ്ടുമണിക്ക് അത്താഴവും ലഭിക്കുമായിരുന്നു. ബ്രിട്ടീഷ് രീതികളാണ് ഇപ്പോഴും ഇന്ത്യയിലെ ജയിലുകളിൽ പിന്തുടരുന്നത് എന്നും റിയ വെളിപ്പെടുത്തി.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിൽ ആണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തിരുന്നത്. സുശാന്തിന് ലഹരി മരുന്ന് നൽകിയിരുന്നത് റിയ ആയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് റിയ ചക്രവർത്തിയെ എൻ സി ബി അറസ്റ്റ് ചെയ്തത്.
Discussion about this post