ദൂരെ സ്ഥലങ്ങളിൽ യാത്ര പോകുമ്പോഴെല്ലാം നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണിന്റെ ബാറ്ററി തീർന്നു പോകുന്നത്. എത്ര ബാറ്ററി ലൈഫ് ഉണ്ടെന്ന് പറഞ്ഞാലും ദിവസങ്ങൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്തില്ലെങ്കിൽ പണി കിട്ടും. എന്നാലിതാ. ഒരു തവണ ചാർജ് ചെയ്താൽ പിന്നീട് ഫോൺ 50 വർഷത്തേക്ക് ചാർജ് ചെയ്യണ്ടാത്ത ബാറ്ററി അവതരിപ്പിച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.
ചൈനീസ് നിർമ്മാതാക്കളായ ബീറ്റവോൾട്ടാണ് അത്ഭുത ബാറ്ററി അവതരിപ്പിച്ചത്. 50 വർഷമാണ് ബാറ്ററി ലൈഫ്. ഒരു നാണയത്തേക്കാൾ ചെറിയ മൊഡ്യൂളിൽ 63 ന്യൂക്ലിയർ ഐസോടോപ്പുകൾ ചേർത്താണ് ബാറ്ററി വികസിപ്പിച്ചത്.ഈ ചെറിയ പവർഹൗസിന് 100 മൈക്രോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പറുന്നു. ഇതിലൂടെ വികിരണം ഉണ്ടാകില്ലെന്നും മിനി റിയാക്ടറാണ് ഊർജ്ജം നൽകുന്നതിനായി നിർമ്മിക്കുന്നതെന്നും ബീറ്റവോൾട്ട് വ്യക്തമാക്കുന്നു.
സ്ഥിരതയുള്ള മൂന്ന് വോൾട്ട് വോൾട്ടേജും 15 x 15 x 5mm അളവുമുള്ള ബാറ്ററി ചതുരാകൃതിയിലുള്ളതുമാണ്.-60 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ സാധിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൗരോർജ്ജം ഉപയോഗിക്കാൻ കഴിയാത്ത ബഹിരാകാശ പേടകങ്ങൾ, അല്ലെങ്കിൽ ഡ്രോണുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിനും ഉപയോഗിക്കുക. പുതിയ ബാറ്ററികളിലെ റേഡിയേഷൻ നിരുപദ്രവകരമാണെന്ന് കരുതപ്പെടുന്നു. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ബാറ്ററി ഉടൻ തന്നെ ഫോണുകളിലും ഡ്രോണുകളിലും ഉപയോഗിക്കുന്നതിനായി വിപണിയിലെത്തും. അതേസമയം ന്യൂക്ലിയർ ബാറ്ററി സ്മാർട്ട്‌ഫോണുകളിലേക്ക് എങ്ങനെ സംയോജിപ്പിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല












