റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഭാരതത്തിന് മേൽ ഉപരോധ ഭീഷണികളും 50 ശതമാനത്തോളം പരീക്ഷണാത്മക താരിഫുകളും അടിച്ചേൽപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്നമായ ഇരട്ടത്താപ്പും കപടമുഖവും ലോകത്തിന് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടു. റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമായിരിക്കെത്തന്നെ, വരാനിരിക്കുന്ന നിർണ്ണായകമായ യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ തിരിച്ചടി ഒഴിവാക്കാൻ ട്രംപ് നേരിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തുകയും വൻതോതിൽ റഷ്യൻ ഡീസൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ കരാറൊപ്പിടുകയും ചെയ്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം അമേരിക്കയിൽ ഡീസൽ ഗാലണിന് 6.28 ഡോളറിലേക്ക് (എകദേശം 70% വർദ്ധനവ്) കുതിച്ചുയർന്നതുമാണ് ട്രംപിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വിതരണ ശൃംഖലയെയും കർഷകരെയും വിലക്കയറ്റം കടുത്ത രീതിയിൽ ബാധിച്ചതോടെ ട്രംപ് ഭരണകൂടം നിലപാടുകൾ കാറ്റിൽപ്പറത്തുകയായിരുന്നു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് താൻ പുടിനുമായി വിജയകരമായി സംസാരിച്ചെന്നും, റഷ്യ അടിയന്തരമായി 3 ലക്ഷം ടൺ ഡീസലും, നവംബറിൽ 5 ലക്ഷം ടണും, തുടർന്ന് 10 ലക്ഷം ടൺ ഡീസലും അമേരിക്കയ്ക്കും ആഗോള വിപണിക്കുമായി നൽകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പകരമായി റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾക്ക് 2027 ഏപ്രിൽ വരെ ട്രംപ് ഇളവും അനുവദിച്ചു.
ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് 100 ശതമാനം വരെ ഉപരോധ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഗ്രഹാം ആക്ട്’ ഒപ്പുവെച്ച് ആഴ്ചകൾക്കകമാണ് ട്രംപിന്റെ ഈ യു-ടേൺ. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയപ്പോൾ അതിനെ “രക്തപ്പണം” എന്നും “ക്രെംലിന്റെ കള്ളപ്പണം വെളുപ്പിക്കൽ” എന്നും ആക്ഷേപിച്ച ട്രംപ് ഭരണകൂടം, സ്വന്തം സാമ്പത്തിക നേട്ടത്തിനായി റഷ്യയ്ക്ക് മുൻപിൽ മുട്ടുമടക്കിയത് അമേരിക്കൻ കോൺഗ്രസിലും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഇതിനെ “പുടിനുള്ള പിറന്നാൾ സമ്മാനം” എന്ന് വിശേഷിപ്പിച്ച് ശക്തമായ പ്രതിഷേധമറിയിച്ചു. സ്വന്തം രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയ ഭാരതത്തിന്റെ സുദൃഢമായ വിദേശനയമാണ് ശരിയെന്ന് അന്താരാഷ്ട്ര തലത്തിൽ അടിവരയിടുന്നതാണ് അമേരിക്കയുടെ ഈ കുറ്റസമ്മതം.










