കൊൽക്കത്ത: കനത്ത മൂടൽമഞ്ഞിൽ ഗംഗാസാഗർ തീർത്ഥാടനത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് നദിയിൽ കുടുങ്ങി. 400 യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 175 പേരെ കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
മകരസംക്രാന്തി ആഘോഷം കഴിഞ്ഞ് ഗംഗാസാഗറിൽ നിന്നും തിരിച്ചു വരുന്നതിനിടെയാണ് സംഭവം. മൂടൽ മഞ്ഞ് കാരണം കാഴ്ചാ പരിധി കുറഞ്ഞതാണ് ഫെറി ബോട്ട് നദിയിൽ കുടുങ്ങാൻ കാരണം. ഹൽദിയ വ്യവസായ പോർട്ടിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ രക്ഷാ ബോട്ടുകളെത്തിയത്.
എല്ലാ വർഷവും മകര സംക്രാന്തിക്ക് ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടേക്ക് എത്തുന്നത്. കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന മഹോത്സവമായാണ് ഇവിടെ മകര സംക്രാന്തി ആഘോഷിക്കുന്നത്. ഈ വർഷം ഒരു രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നായി ഒരു കോടിയിലേറെ ഭക്തരാണ് ഈ വർഷം ഇവിടേക്കെത്തിയത്.








