തിരുവനന്തപുരം : കെ എസ് ചിത്രക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ സംവിധായകൻ ശ്രീകുമാരൻ തമ്പി രംഗത്ത്. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമില്ലെങ്കിൽ യോജിക്കേണ്ട. പക്ഷേ ചീത്തവിളി അംഗീകരിക്കാൻ ആവില്ല എന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാവരും ശ്രീരാമ മന്ത്രം ജപിക്കണമെന്നും വൈകിട്ട് അഞ്ചുതിരിയുള്ള നിലവിളക്ക് കൊളുത്തണമെന്നും അഭിപ്രായപ്പെട്ടതിന്റെ പേരിലാണ് കെ എസ് ചിത്ര ഇടതുപക്ഷവാദികളുടെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നത്. കെ എസ് ചിത്രയെ പിന്തുണയ്ക്കുന്നതായി ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. എം ടി വാസുദേവൻ നായർ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞപ്പോൾ എതിർത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. എന്നാൽ ആരും എംടിയെ ചീത്ത വിളിക്കുക ഉണ്ടായില്ല. എന്നാൽ ചിത്ര തന്റെ അഭിപ്രായം പറയുമ്പോൾ മാത്രം എന്തിനാണ് ചീത്ത വിളിക്കുന്നത് എന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
ശ്രീരാമനെ ബിജെപിയുടെയോ ആർഎസ്എസിന്റെയോ വകയായി കാണുന്നതുകൊണ്ടാണ് ഇത്രയും എതിർപ്പെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. “ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയും ആണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമൻ. അങ്ങനെയുള്ള നായകന്മാരെയാണ് നമ്മൾ ആരാധിച്ചു വരുന്നത്. എന്റെ ചെറുപ്പത്തിൽ ഞാനും സന്ധ്യയ്ക്ക് രാമ രാമ പാഹിമാം പാടിയിട്ടുണ്ട്. അത് നമ്മുടെ സംസ്കാരത്തിൽ ഉൾപ്പെട്ട കാര്യമാണ്. അങ്ങനെയുള്ളപ്പോൾ രാമനാമം ജപിക്കണം എന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് എന്തിനാണ് ഇത്രയേറെ എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യം” എന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
സമൂഹമാദ്ധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണമാണ് ചിത്രക്കെതിരെ നടക്കുന്നത്. നിരവധി ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നും അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിലുള്ള നിരവധി അശ്ലീല പരാമർശങ്ങൾ പോലും ചിത്രക്കെതിരെ ഉയർന്നു. നേരത്തെ പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ പങ്കെടുത്തതിന് നടി ശോഭനയ്ക്കെതിരെയും ഇടതുപക്ഷവാദികളിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയർന്നുവന്നിരുന്നത്.
Discussion about this post