ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേയ്ക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു പ്രതിയെ പിടികൂടിയത്.
ആന്ധ്രാപ്രദേശിൽ എത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇയാളെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യും. പ്രതിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ബ്രിട്ടീഷ്- ഇന്ത്യൻ സോഷ്യൽ മീഡിയ താരമായ സാറാ പട്ടേലിന്റെ ചിത്രം ഉപയോഗിച്ചുകൊണ്ടായിരുന്നു രശ്മികയുടെ ഡീപ്പ് ഫേയ്ക്ക് വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചിരുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരുന്നു ഇത്. ഇതിന് പിന്നാലെ മറ്റ് പ്രമുഖരുടെ ഡീപ്പ് ഫേയ്ക്ക് വീഡിയോകളും പുറത്തുവന്നിരുന്നു. സംഭവത്തിൽ രശ്മിക നൽകിയ പരാതിയിൽ ഡൽഹി പോലീസ് കർശന വകുപ്പുകൾ പ്രകാരം ആയിരുന്നു കേസ് എടുത്തത്.








