കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ‘ഗുഡ് സമരിത്താൻ’ പദ്ധതി പ്രഖ്യാപിച്ച് സിറ്റി പോലീസ്. അപകടത്തിൽ പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികമായി നൽകുന്നതാണ് ഈ പദ്ധതി. കോഴിക്കോട് സിറ്റി പോലീസും ലയൺസ് ക്ലബ്ബും ചേർന്നാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൗരന്മാർക്കായി ‘ഗുഡ് സമരിത്താൻ’ പദ്ധതി ആവിഷ്കരിക്കുന്നത്. അപകടത്തിൽ പെടുന്നവരെ ആശുപത്രികളിൽ എത്തിക്കാനായി ആളുകൾ മടി കാട്ടുന്ന സാഹചര്യവും നിലവിലുണ്ട്. നിയമക്കുരുക്കുകളിൽ പെടുമോ എന്ന ഭയമാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഈ സ്ഥിതിയിൽ നിന്നുമുള്ള മാറ്റത്തിനാണ് പുതിയ പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നത്.
അപകടത്തിൽ പെട്ട് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഒരു നിയമ കുരുക്കും ഉണ്ടാകില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ അറിയിച്ചു. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചാൽ അതിനെ ഒരു ചിത്രം എടുക്കുകയും പരിക്കേറ്റ ആളുടെയും ആശുപത്രിയുടെയും പേരും വിവരങ്ങളും എത്തിച്ച ആളുടെ വിവരങ്ങളും അടക്കം 8590965259 എന്നാൽ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു കൊടുത്താൽ ആണ് 500 രൂപ പാരിതോഷികമായി ലഭിക്കുക.
Discussion about this post