തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിനായി വരുന്ന ഹരിത കർമ്മ സേനയുടെ യൂസർ ഫീ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. യൂസർ ഫീയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ ഉടൻതന്നെ തീരുമാനമെടുക്കും. പുതിയ മാറ്റം അനുസരിച്ച് വീടിന്റെ വലുപ്പം, അംഗങ്ങളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും യൂസർ ഫീ നിശ്ചയിക്കുക.
മാലിന്യ ശേഖരണ രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് മന്ത്രി രാജേഷ് നിയമസഭയിൽ പ്രസ്താവിച്ചു. അതിദരിദ്രരെ യൂസർ ഫീസിൽ നിന്നും ഒഴിവാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫീസ് ഒഴിവാക്കാം എന്ന നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചേക്കാം എന്ന് സൂചനയുണ്ട്. ഇത്തരത്തിൽ യൂസർ ഫീ ഒഴിവാക്കേണ്ട വ്യക്തികൾ ഉണ്ടെങ്കിൽ ആ തുക തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ടതാണ്.
വാണിജ്യ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യത്തിന്റെ അടിസ്ഥാനത്തിൽ യൂസർ ഫീയിൽ മാറ്റം വരുത്തും. ഓരോ സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും പുതിയ രീതിയിൽ യൂസർ ഫീ നിശ്ചയിക്കുക. യൂസർ ഫീ അടക്കാത്തവർക്ക് നികുതി കുടിശ്ശിക വരുത്തി മറ്റു സേവനങ്ങൾ തടയുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചു. ഇത്തരത്തിൽ വ്യക്തികളുടെ സേവനങ്ങൾ തടയുന്നത് പഞ്ചായത്ത് ആക്ടിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Discussion about this post