മുംബൈ: ലോകത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. വിരാടും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താരദമ്പതികളെ കുറിച്ച് കുറച്ച് മാസങ്ങളായി പ്രചരിക്കുന്ന വാർത്ത ശരിയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്‌സ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് പിന്മാറിയതിന് പിന്നാലെ അനുഷ്‌ക വീണ്ടും ഗർഭിണിയാണെന്ന പ്രചരണം ശക്തമായിരുന്നു. എന്നാൽ ദമ്പതികൾ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ലോകകപ്പ് മത്സരത്തിനിടയ്ക്ക് അനുഷ്‌ക ഗർഭിണിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിലെ മുൻ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്‌സാണ് ഇരുവരും വീണ്ടും അച്ഛനമ്മമാരാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
വിരാട് കോഹ്ലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും എബി ഡിവില്ലിയേഴ്സ് തന്റെ ആരാധകരോട് പറഞ്ഞു.









