ന്യൂഡൽഹി: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളെ സ്വാഗതം ചെയ്ത് രാജ്യത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതരും ഇമാമുമാരും രംഗത്തെത്തി. ഭാരതത്തിൽ മുസ്‌ലിങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിച്ചാൽ അയാൾ ഹിന്ദുവാകില്ലെന്ന മോഹൻ ഭാഗവതിന്റെ പരാമർശത്തെ ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ പൂർണ്ണമായും പിന്തുണച്ചു. ന്യൂഡൽഹിയിലെ ഇമാം ഹൗസിൽ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസിയുടെ അധ്യക്ഷതയിൽ ചേർന്ന ഉലമാക്കളുടെ യോഗത്തിലാണ് പ്രസ്താവനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
അമേരിക്കൻ സന്ദർശനവേളയിൽ മോഹൻ ഭാഗവത് മുന്നോട്ടുവെച്ച ‘വസുധൈവ കുടുംബകം’ എന്ന കാഴ്ചപ്പാടും ഐക്യസന്ദേശവും ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി അഭിപ്രായപ്പെട്ടു. പണ്ട് സ്വാമി വിവേകാനന്ദൻ അമേരിക്കൻ മണ്ണിൽ നടത്തിയ പ്രസംഗം ഇന്നും ഓർമ്മിക്കപ്പെടുന്നത് പോലെ ഭാഗവതിന്റെ സന്ദേശവും ലോകശ്രദ്ധ നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരുടെയും ഡി.എൻ.എ ഒന്നാണെന്നും, മുസ്‌ലിങ്ങളില്ലാതെ ഭാരതം പൂർണ്ണമാകില്ലെന്നുമുള്ള നിലപാട് രാജ്യത്തിന്റെ അഖണ്ഡതയെ കൂടുതൽ ശക്തമാക്കും. ജാതിമത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും നാം എല്ലാവരും ഒരൊറ്റ ഭാരതീയരാണെന്ന ബോധമാണ് മുന്നോട്ടുപോകാൻ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വൈവിധ്യവും മതസൗഹാർദ്ദവും ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്തത്ര സവിശേഷമാണെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് ഇമാമുമാരും വ്യക്തമാക്കി. വിവിധ ആരാധനാ രീതികളും ആചാരങ്ങളും നിലനിൽക്കുമ്പോഴും പരസ്പര സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും കൂടിയാണ് ജനങ്ങൾ ഇവിടെ ജീവിക്കുന്നത്. പരസ്പരമുള്ള ആശയവിനിമയങ്ങളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ സാധിക്കൂ എന്നും, ഇത്തരം ഉൾക്കൊള്ളലിന്റെ നിലപാടുകൾ രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും പണ്ഡിതർ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.











