തിരുവനന്തപുരം : വെളുത്തുള്ളി കഴിക്കുമ്പോൾ മാത്രമല്ല ഇനി വാങ്ങുമ്പോഴും നല്ല നീറ്റലും എരിച്ചിലും ഒക്കെ തോന്നാൻ സാധ്യതയുണ്ട്. കേരളത്തിൽ വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 450 കടന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50 രൂപയോളം മാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളി ആണ് ഇപ്പോൾ 500 നടുത്ത് എത്തിനിൽക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിൽ ഏറ്റവും വലിയ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നതും വെളുത്തുള്ളി തന്നെയാണ്.
കഴിഞ്ഞമാസം വെളുത്തുള്ളിക്ക് 300 രൂപ മുതൽ 350 വരെയായിരുന്നു പലയിടങ്ങളിലും വില ഉണ്ടായിരുന്നത്. രണ്ടാഴ്ചകൾ കൊണ്ട് പിന്നെയും 100 രൂപ വില ഉയർന്നു. വെളുത്തുള്ളി കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കൃഷിയും വിളവും ഗണ്യമായി കുറഞ്ഞതോടെയാണ് വെളുത്തുള്ളിക്ക് ഇത്രയേറെ വില ഉയർന്നത്. ഇതിനു മുൻപ് ഒരിക്കൽപോലും വെളുത്തുള്ളിക്ക് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പോലും പറയുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ മൊത്തക്കച്ചവടക്കാരും ഈ സംസ്ഥാനങ്ങളിൽ നിന്നുമാണ് വെളുത്തുള്ളി കൊണ്ടുവരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞും തണുപ്പും വില്ലൻ ആയപ്പോൾ തമിഴ്നാട്ടിൽ മഴയാണ് വെളുത്തുള്ളി കർഷകരെ ചതിച്ചത്. പത്ത് ലോഡ് വെളുത്തുള്ളി വരെ ദിവസവും ശേഖരിച്ചിരുന്ന മൊത്ത വില്പന മാർക്കറ്റുകൾക്ക് ഇപ്പോൾ രണ്ട് ലോഡ് മാത്രമാണ് ലഭിക്കുന്നത് എന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. ഈ വിലക്കയറ്റത്തിന് എത്രയും പെട്ടെന്ന് പരിഹാരം ആയില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളുടെ അടുക്കളകളെ തന്നെയായിരിക്കും.








