ന്യൂഡൽഹി : ഡൽഹി പോലെയുള്ള തിരക്കേറിയ തലസ്ഥാന നഗരത്തിൽ മെട്രോ സർവീസ് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം അത്ര ചെറുതല്ല. റോഡുകളിൽ കനത്ത ട്രാഫിക് നേരിടുന്ന രാജ്യത്തെ എല്ലാ വൻ നഗരങ്ങളും ഇപ്പോൾ മെട്രോ പോലെയുള്ള പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ട് വരികയാണ്. ജനങ്ങൾ കൂടുതലായി പൊതുഗതാഗതങ്ങളെ ആശ്രയിക്കുന്നത് ഡൽഹി പോലെയുള്ള നഗരങ്ങളിൽ വായു മലിനീകരണതോത് കുറയ്ക്കാനും സഹായിക്കുന്നതാണ്. ഇതിനായി ജനങ്ങൾക്ക് മാതൃക പകർന്നു നൽകാൻ ബുധനാഴ്ച ഡൽഹി മെട്രോയിൽ യാത്ര ചെയ്യാൻ ഒരു വിശിഷ്ടാതിഥി കൂടി ഉണ്ടായിരുന്നു.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആണ് ബുധനാഴ്ച ഡൽഹിയിലെ മെട്രോ സർവീസിൽ യാത്ര ചെയ്തു കൊണ്ട് മാതൃകയായത്. ജനങ്ങളുടെ ദൈനംദിന ജീവിതം മനസ്സിലാക്കുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് രാഷ്ട്രപതിയുടെ മെട്രോ സന്ദർശനം. അതേസമയം മെട്രോയിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളുമായും ഡൽഹി മെട്രോ സർവീസിന്റെ അധികൃതരായ ഡിഎംആർസിയിലെ ഉദ്യോഗസ്ഥരുമായും രാഷ്ട്രപതി സംവദിക്കുകയും ചെയ്തു.
ഡിഎംആർസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ മെട്രോയുടെ പ്രവർത്തനത്തെക്കുറിച്ച് രാഷ്ട്രപതിക്ക് വിശദമായി വിശദീകരിച്ചു നൽകി.
മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയും ജനങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം, തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ദ്വാരകയിലെ ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെൻ്ററായ യശോഭൂമിയുടെ ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിലേക്ക് പോകുന്നതിനായി ഡൽഹി മെട്രോയിൽ ആയിരുന്നു യാത്ര ചെയ്തത് . കൂടാതെ, ഡൽഹി മെട്രോയുടെ എക്സ്പ്രസ് ലൈൻ ദ്വാരക സെക്ടർ 21 ൽ നിന്ന് പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ നീട്ടുന്നതിനു തുടക്കമിട്ട വേളയിലും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തിരുന്നു.
Discussion about this post