തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം നൽകുന്ന സൂചന അതാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കേരളത്തിലെ 20 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാനായി സംഘടന സംവിധാനം ശക്തമാക്കുമെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം. സംസ്ഥാനത്തെ ധന പ്രതിസന്ധിയിൽ ആക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഡൽഹി സമരത്തിലൂടെ ആയി. ഇക്കാര്യം കർണാടകയിൽ ഉള്ളവർക്ക് മനസ്സിലായിട്ടും കേരളത്തിലുള്ള കോൺഗ്രസ് നേതാക്കൾക്ക് മനസ്സിലായില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സജ്ജമാണ്. 20 മണ്ഡലങ്ങളും ഒരുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഉടൻതന്നെ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ ഇപ്പോഴത്തെ ചുറ്റുപാടിൽ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാൻ പറ്റുന്നതല്ല എങ്കിലും ഭക്ഷ്യ, പൊതുവിതരണ മേഖല, പെൻഷൻ എന്നിവയിൽ കുറച്ചുകൂടി ചെയ്യാനുണ്ട് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
Discussion about this post