എറണാകുളം : നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന നേപ്പാൾ സ്വദേശിനികളായ രണ്ടു യുവതികളെ ശാന്തി ഭവനിലേക്ക് മാറ്റി പോലീസ്. ശ്രീലങ്ക വഴി ഒമാനിലേക്ക് കടക്കാനായുള്ള ശ്രമത്തിനിടയിലാണ് നേപ്പാളി യുവതികൾ കൊച്ചിയിൽ എത്തിച്ചേർന്നിരുന്നത്. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചുവന്നിരുന്നത്.
കഴിഞ്ഞ ഡിസംബർ 25നാണ് നേപ്പാൾ യുവതികൾ ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിച്ചേർന്നിരുന്നത്. തുടർന്നാണ് ഇവർ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ താമസം ആരംഭിച്ചത്. ഇതിനിടെ ശ്രീലങ്കയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയെങ്കിലും എമിഗ്രേഷൻ പരിശോധനയിൽ നേപ്പാൾ എംബസിയുടെ എൻഒസി ഇല്ലാത്തതിനാൽ ഇവർക്ക് യാത്ര സാധ്യമായില്ല. ഇതോടെ ഇവർ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ തന്നെ തങ്ങുകയായിരുന്നു.
ആന്റി ഹ്യൂമൻ സ്റ്റേറ്റ് നോഡൽ ഓഫീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയായ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നേപ്പാളി യുവതികളെ ഹോട്ടലിൽ നിന്നും കണ്ടെത്തിയത്. നേപ്പാളിലെ ചില ഏജന്റുമാർ വഴിയാണ് ആലുവയിൽ എത്തിയത് എന്നാണ് യുവതികൾ നൽകിയിട്ടുള്ള മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post