തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി -അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനൽകി. പകരം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നും കത്തിലുണ്ട്.
അജിത് പവാർ വിഭാഗത്തെ എൻ.സി.പിയുടെ ഔദ്യോഗികവിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നൽകിയതെന്ന് ഈ വിഭാഗത്തിൻറെ സംസ്ഥാന പ്രസിഡൻറായി നിയമിതനായ എൻ.എ. മുഹമ്മദ്കുട്ടി അറിയിച്ചു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പി മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
നിലവിൽ പി.സി. ചാക്കോ ഉൾപ്പെടുന്ന വിഭാഗത്തിന് അംഗീകാരമില്ല. പാർട്ടിയുടെ കൊടിയും ചിഹ്നവും പേരും അജിത് പവാർ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.











