ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്കും മകനും ഉൾപ്പെടെയുള്ള ഒമ്പത് അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാൻ സിവിൽ കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികൾക്കെതിരെയും സിആർപിഎസ് സെക്ഷൻ 82, 83 എന്നിവ പ്രകാരം നടപടിയെടുക്കാൻ കോടതി പോലീസിന് അനുമതി നൽക്കുകയും ചെയ്തു.
ഒമ്പത് പ്രതികൾക്കെതിരെയും സിവിൽ കോടതി ജാമ്യമില്ലാ വാറണ്ട് നേരത്തെ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാന പ്രതിയായ അബ്ദുൾ മാലിക്കിന് നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള മുന്നറിയിപ്പ് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയിരുന്നു. കല്ലേറിലൂടെയും തീവെപ്പിലുടെയും നശിച്ചത് കോടികളുടെ പൊതുമുതലാണ്. നഷ്ടം നികത്താൻ 2.45 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെയ്ക്കണം എന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചിരുന്നത്. ഫെബ്രുവരി 15 നകം അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ അറിയിച്ചിരുന്നു.
അക്രമികളിൽ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. അതിൽ 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിലാണ് ഹൽദ്വാനിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയ മതതീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post