ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹം നാളെ വിക്ഷേപിക്കും. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് എന്ന ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത് . ജിഎസ്എൽവിഎഫ് 14 റോക്കറ്റാണ് ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെ വഹിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വൈകീട്ട് 5.35-ന് ഉപഗ്രഹം വിക്ഷേപിക്കും. ജി എസ് എൽ വിയുടെ പതിനാറാമത്തെ ദൗത്യമാണിത്.
ഇൻസാറ്റ് -3ഡിഎസിനെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാണ് (ജിടിഒ) റോക്കറ്റ് എത്തിക്കുക. അവിടെനിന്ന് ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കും. ഡേറ്റാ റിലേ ട്രാൻസ്പോണ്ടർ (ഡി ആർ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇൻസാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷൻ പ്ലാറ്റ്ഫോമുകളിൽനിന്നും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇവ സഹായിക്കും. ഇത് കാലാവസ്ഥാ പ്രവചന ശേഷിയും വർധിപ്പിക്കും. ഇതിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകൾക്കുള്ള സൗണ്ടറും ഉൾപ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ബീക്കൺ ട്രാൻസ്മിറ്ററുകളിൽനിന്ന് ഡിസ്ട്രസ് സിഗ്‌നലുകളും അറിയിപ്പുകൾ സ്വീകരിക്കാൻ വേണ്ടി എസ് എ എസ് ആൻഡ് ആർ എന്ന ട്രാൻസ്‌പോണ്ടറും ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രക്ഷാപ്രവർത്തനം, തിരച്ചിൽ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
പുതിയ ഉപഗ്രഹത്തിൽ ഒരു സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്പോണ്ടറും ഉണ്ട്, അത് പലപ്പോഴും കപ്പലുകളും ട്രക്കറുകളും കൊണ്ടുപോകുന്ന പ്രത്യേക ഉപകരണങ്ങളിൽ നിന്ന് ദുരന്ത സിഗ്‌നലുകൾ ശേഖരിക്കും. കൂടാതെ കപ്പലുകളും ട്രക്കറുകളും വിദൂര സ്ഥലങ്ങളിൽ ദുരിതത്തിൽ പെട്ടാൽ അത് കണ്ടെത്താനും ഇവ സഹായിക്കുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ്, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻ സി എം ആർ ഡബ്ല്യു എഫ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ ടി) , ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐ എൻ സി ഒ ഐ എസ്) ഉൾപ്പെടെ വിവിധ ഏജൻസികളും ഇൻസ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾക്കായി ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതൽ ആശ്രയിക്കുക
51.7 മീറ്റർ നീളമുള്ള മൂന്ന് ഭാഗങ്ങളുള്ള റോക്കറ്റാണ് ജിഎസ്എൽവി . റോക്കറ്റിൽ ഇന്ത്യൻ നിർമ്മിത ക്രയോജനിക് എഞ്ചിൻ ഉപയോഗിക്കുന്നു. വിക്ഷേപണങ്ങൾക്ക് ശേഷം ഇത് ഉപഗ്രഹത്തിൽ നിന്ന് വേർപെടും. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചിലവിലാണ് നിർമ്മിച്ചിരിക്കുന്നത് . ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ് എന്നീ മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.
Discussion about this post