ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്ന് രാവിലെ പത്ത് മണിയോടെ ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പട്ടണക്കാട് സ്വദേശിനി ആരതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്‌കൂട്ടറിൽ പോവുകയായിരുന്ന ആരതിയെ ഭർത്താവ് ശ്യാംജിത്ത് തടഞ്ഞ് നിർത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. തീ പടർന്ന് ശ്യാംജിത്തിനും പൊള്ളലേറ്റു. രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആരതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. ശ്യാംജിത്തിന്റെ പരിക്ക് സാരമുള്ളതല്ല.
ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ശ്യാംജിത്തിനെതിരെ ആരതി നൽകിയ പരാതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇരുവരും വളരെ നാളുകളായി പിരിഞ്ഞ് താമസിക്കുകയാണ്. ചേർത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












