ചെന്നൈ: എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഫെബ്രുവരി 27ന് പദയാത്രയിലും ഫെബ്രുവരി 28ന് വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ
പറഞ്ഞു. ഡൽഹിയിൽ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുപ്പൂർ ജില്ലയിലെ 234 മണ്ഡലത്തിലെ പല്ലടത്താണ് പദയാത്ര അവസാനിക്കുന്നത്. അവിടെയാണ് പ്രധാനമന്ത്രി എത്തുന്നത്. ആറുമാസം നീണ്ടുനിന്ന പദയാത്രയാണ് ഫെബ്രുവരി 27 ന് അവസാനിക്കാൻ പോവുന്നത്. കഴിഞ്ഞ വർഷം രാമേശ്വരത്ത് നിന്നാണ് പദയാത്രയ്ക്ക് തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രി അമിത് ഷായാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഈ യാത്ര ഒരു രാഷ്ട്രീയ യാത്ര മാത്രമല്ല . തമിഴ്നാടിനെ കുടുംബ വംശ രാഷട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും മുക്തമാക്കാനും സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുമാണ് എൻ മണ്ണ് എൻ മക്കൾ (എന്റെ നാട് എന്റെ ജനം) എന്ന് അമിത് ഷാ ഫ്ളാഗ് ഓഫിന് ശേഷം പറഞ്ഞിരുന്നു. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായുള്ള യാത്ര കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post