ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റീസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. വിശ്വസനീയമായ തെളിവുകളുടെ അഭാവം, മന്ത്രിസഭയിൽ നിന്നുള്ള സെന്തിൽ ബാലാജിയുടെ രാജി തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യം തേടിയത്. ഏട്ട്് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇദ്ദേഹം.
ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് വെങ്കിടേഷ് കേസിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു. 2023 ജൂൺ 14നാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡി 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ സെന്തിൽ ബാലാജി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജൻസി ആരോപിക്കുന്നു
2023 ഒക്‌ടോബർ 19 ന് മദ്രാസ് ഹൈക്കോടതി ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ വർഷം ജനുവരി 12ന് ചെന്നൈ സെഷൻസ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയിരുന്നു. 2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.
Discussion about this post