ബംഗളൂരു: പാകിസ്താൻ ബിജെപിയ്ക്ക് ശത്രുരാജ്യമായിരിക്കാം, തങ്ങൾക്ക് അയൽരാജ്യം മാത്രമാണെന്ന് കർണാടക കോൺഗ്രസ് കൗൺസിലർ ബികെ ഹരിപ്രസാദ്. പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി വിജയം ആഘോഷിച്ചതിനെതിരെയുള്ള വിമർശനങ്ങൾക്കിടെയാണ് വീണ്ടും കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം.
കോൺഗ്രസിന്റെ രാജ്യസഭാ വിജയത്തിന് ശേഷം പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങൾക്കായിരുന്നു ഹരിപ്രസാദിന്റെ വിവാദ മറുപടി. സംഭവത്തിൽ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോൺഗ്രസ് ദേശവിരുദ്ധ വികാരം വളർത്തിയെടുക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
‘ശത്രുരാജ്യവുമായുള്ള ഞങ്ങളുടെ ബന്ധത്തെ കുറിച്ചാണ് അവർ പറയുന്നത്. അവർക്ക് പാകിസ്താൻ ശത്രുരാജ്യമായിരിക്കാം. ഞങ്ങൾക്ക് അങ്ങനെയല്ല. ഞങ്ങൾക്ക് അതൊരു അയൽരാജ്യം മാത്രമാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം.
ഹരിപ്രസാദിന്റെ പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമർശിച്ചു. നാല് തവണ ഇന്ത്യക്കെതിരെ യുദ്ധം ചെയ്തിട്ടും പാകിസ്താൻ കോൺഗ്രസിന് അയൽരാജ്യമാണ്. പാകിസ്താനെ കുറിച്ചുള്ള കോൺഗ്രസിന്റെ മനോഭാവം എന്താണെന്ന് ബികെ ഹരിപ്രസാദിന്റെ പ്രസ്താവനയിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ജവഹർലാൽ നെഹ്റുവും മുഹമ്മദ് അലി ജിന്നയും തമ്മിലുള്ള ബന്ധം കോൺഗ്രസിന്റെ ഇപ്പോഴത്തെ തലമുറയും തുടരുന്നുണ്ടെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും ബിജെപി തുറന്നടിച്ചു.










