ജന്തർ മന്തറിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ‘കോക്ക്റോച്ച് ജന്ത പാർട്ടി’ (സി.ജെ.പി) നേതാക്കളുടെ പ്രായത്തെക്കുറിച്ച് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. പ്രതിഷേധ പ്രകടനത്തിനിടെ അറസ്റ്റിലായ പാർട്ടി സഹ-കൺവീനർമാരായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് കേസ് പരിഗണിച്ചത്.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭീക് ചിമ്നി, സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 32 വയസ്സുമാണെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് “എങ്കിൽ നിങ്ങൾ ജെൻ സി എന്ന് പറഞ്ഞ് നടക്കുന്നത്”? എന്ന് കോടതി പരാമർശം നടത്തിയതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
നിരോധിക്കപ്പെട്ട ജന്തർ മന്ദർ പ്രതിഷേധ സ്ഥലത്തേക്ക് ലോക്ക് ചെയ്ത ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒക്ടോബർ 13നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പ്രതിഷേധത്തിനിടെ ദേശീയ പതാകയേന്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ച ഇരുവരെയും പോലീസ് തടയുകയും കരുതലങ്കലിൽ ആക്കുകയുമായിരുന്നു. സ്വകാര്യ വസ്തുവകകളിലൂടെ അതിക്രമിച്ച് കടന്ന് നിരോധിക്കപ്പെട്ട പ്രതിഷേധ സ്ഥലത്ത് പ്രവേശിച്ചുവെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് പോലീസിനെ തടസ്സപ്പെടുത്തിയെന്നുമാണ് ഡൽഹി പോലീസിന്റെ ആരോപണം. സമാധാനവും നല്ല പെരുമാറ്റവും ഉറപ്പുനൽകിക്കൊണ്ട് ഇവർ നേരത്തെ ബോണ്ടിൽ ഒപ്പുവെച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.










