വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ജെഫ് ബെസോസ്. ടെസ്ല സിഇഒ ഇലോൺ മസ്കിനെ കടത്തിവെട്ടിയാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് വീണ്ടും ലോകത്തെ ഒന്നാം നമ്പർ ധനികൻ ആയിരിക്കുന്നത്.
ടെസ്ലയുടെ ഓഹരി വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളിൽ 25 ശതമാനം ഇടിവ് വന്നതാണ് ഇലോൺ മസ്കിന് ഒന്നാം നമ്പർ പദവി നഷ്ടപ്പെടാൻ കാരണമായത്. ഓഹരി വില തകർന്നതോടെ ഇലോൺ മസ്കിന്റെ ആസ്തിയിൽ 30 ബില്യൺ ഡോളറിലധികം ഇടിവ് വന്നു. നിലവിൽ മസ്കിന്റെ ആസ്തി 198 ബില്യൺ ഡോളറും ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളറും ആണ്.
197 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ലൂയിസ് വിറ്റൺ സിഇഒ ബെർണാഡ് അർനോൾട്ട് ആണ് ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. 179 ബില്യൺ ഡോളറുമായി മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് മുൻ സിഇഒ ആയിരുന്ന ബിൽഗേറ്റ്സ് 150 ബില്യൺ ഡോളർ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
Discussion about this post