തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധന നടപടികൾക്ക് ശേഷം പഞ്ചാബിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. ഈ പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 13,60,316 വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. പുനഃപരിശോധന പ്രക്രിയ ആരംഭിച്ചപ്പോൾ പഞ്ചാബിൽ ആകെ 2,14,61,043 വോട്ടർമാരുണ്ടായിരുന്നുവെങ്കിലും, നിലവിലെ കണക്കുകൾ പ്രകാരം അത് 2,01,00,727 ആയി കുറഞ്ഞിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി നടന്ന പരിശോധനകളിൽ പുതിയ വോട്ടർമാരായി 7,97,263 പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും ഡ്യൂപ്ലിക്കേറ്റായതുമായ പേരുകൾ കണ്ടെത്തുന്നതിനായി മുപ്പത്തിയഞ്ചര ലക്ഷത്തിലധികം ആളുകൾക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിൽ കർശനമായ പരിശോധനകൾക്കും വിശദമായ വാദമുഖങ്ങൾക്കും ഒടുവിൽ അർഹതയില്ലാത്തവ3െന്ന് കണ്ടെത്തിയ 86,038 വോട്ടർമാരെ പൂർണ്ണമായി ഒഴിവാക്കുകയാണുണ്ടായത്.
വോട്ടർമാരുടെ എണ്ണത്തിൽ മാറ്റങ്ങൾ വന്നെങ്കിലും സംസ്ഥാനത്ത് സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 24,453 ൽ നിന്ന് 25,332 ആയി ഉയർത്തിയിട്ടുണ്ട്. അന്തിമ പട്ടികയിൽ പേര് ഉൾപ്പെടാത്ത അർഹരായ പുതിയ പൗരന്മാർക്ക് ഫോം 6 ഉപയോഗിച്ച് ഓൺലൈനായോ അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാർ വഴി നേരിട്ടോ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.








