കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണത്തിലുള്ള സർക്കാരുകൾ രാജി വെക്കുകയാണെങ്കിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നേരിടാൻ താൻ തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ടിംഗ് മെഷീൻ വഴിയാണ് ഈ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചതെന്നും വോട്ട് ചോർച്ച ആരോപിക്കുന്ന കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ഈ സർക്കാരുകളെ പിരിച്ചുവിട്ട് പുതിയ ജനവിധി തേടാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും തങ്ങളുടെ സംസ്ഥാനങ്ങളിലെ ഭരണം രാജിവെക്കാൻ തയ്യാറായാൽ അസമിൽ ബാലറ്റ് പേപ്പറിലൂടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ താൻ സന്നദ്ധനാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഇവിഎം തിരിമറി ആരോപിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും കടുത്ത വിമർശനമാണ് അസം മുഖ്യമന്ത്രി ഉന്നയിച്ചത്. ഇതേ തെരഞ്ഞെടുപ്പ് രീതിയിലാണ് രാഹുൽ ഗാന്ധി പോലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അതിനാൽ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നതിന് മുൻപ് അദ്ദേഹം സ്ഥാനം ഒഴിയണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ കോൺഗ്രസ് ബഹിഷ്കരിക്കുമോ എന്നും അദ്ദേഹം പരസ്യമായി ചോദിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയായ പ്രത്യേക തീവ്ര പുനഃപരിശോധനയെ (SIR) ശക്തമായി പിന്തുണച്ച അദ്ദേഹം, രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ തടയാൻ ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള അനധികൃത കുടിയേറ്റം നടക്കുന്നുണ്ടെന്നും അതിനാൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇത്തരം പരിശോധനകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും വിദേശ ശക്തികളുടെ പ്രേരണയാലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.








