ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഘാട്ടി മേഖലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച നാല് ഭീകരർ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ ഹജിറ സ്വദേശികളായ ഇവർ ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയിലെ പ്രമുഖ കമാൻഡർ മുഹമ്മദ് ഫൈസാൻ ഉൾപ്പെടെയുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരരുടെ കടന്നുകയറ്റം തടയാൻ ഇന്ത്യൻ സൈന്യം സ്ഥാപിച്ചിരുന്ന കുഴിബോംബുകളിൽ ഒന്നിൽ കാൽ തട്ടിയതിനെ തുടർന്നാണ് അതിശക്തമായ സ്ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നുഴഞ്ഞുകയറ്റ ശ്രമം പൂർണ്ണമായും തകർത്തതിനെ തുടർന്ന് പ്രദേശം ഉടനടി ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും ചേർന്ന് വളഞ്ഞു. സമീപ പ്രദേശങ്ങളിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ കരസേന പ്രദേശത്ത് വൻ തിരച്ചിൽ നടത്തുകയാണ്. കൂടാതെ സമീപത്തുള്ള കൃഷ്ണ ഘാട്ടി, മെന്ദാർ എന്നീ അതിർത്തി മേഖലകളിൽ സൈന്യം നിരീക്ഷണം ശക്തമാക്കുകയും അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ അതിർത്തിയിലെ കുഴിബോംബുകൾ മണ്ണൊലിപ്പിൽപെട്ട് സ്ഥാനം മാറാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. ദിവസങ്ങൾക്ക് മുൻപും ഇത്തരത്തിൽ മെന്ദാർ മേഖലയിൽ കണ്ടെത്തിയ തുരുമ്പിച്ച രണ്ടു കുഴിബോംബുകൾ സൈന്യത്തിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് വിജയകരമായി നിർവീര്യമാക്കിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതിർത്തിയിലുടനീളം കടുത്ത സുരക്ഷാ പരിശോധനകളാണ് സുരക്ഷാ സേന തുടരുന്നത്.








