ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഉയർത്തി എൻഡിഎ സഖ്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി പാർട്ടികളാണ് എൻഡിഎയിൽ ലയിക്കുന്നത്. പ്രമുഖ നേതാവ് മുകേഷ് ഷാനി നയിക്കുന്ന വികാശീൽ ഇൻസാൻ പാർട്ടിയും എൻഡിഎയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. ബിഹാറിൽ ശക്തമായ സ്വാധീനമുള്ള പ്രാദേശിക പാർട്ടിയാണ് വികാശീൽ ഇൻസാൻ പാർട്ടി.
പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി മുകേഷ് ചർച്ചകൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം ഡൽഹിയിൽ എത്തുകയും ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട അവസാന വട്ട ചർച്ചയാണ് ഇരുവരും തമ്മിൽ നടന്നത് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ അടുത്ത ദിവസം തന്നെ എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുകേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല മറിച്ച് എൻഡിഎയുടെ ഭാഗമാകുക മാത്രമാണ് വികാശീൽ ഇൻസാൻ പാർട്ടിയുടെ ഉദ്ദേശ്യം എന്നാണ് സൂചന. ചർച്ചയിൽ ഒന്നും തന്നെ നേതൃത്വത്തോട് അദ്ദേഹം സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ സംസ്ഥാനത്ത് ഒരു എംഎൽസിയും മന്ത്രിയും വികാശീൽ ഇൻസാൻ പാർട്ടിയ്ക്ക് ഉണ്ട്. കഴിഞ്ഞ തവണ കോൺഗ്രസുമായിട്ടായിരുന്നു വികാശീൽ ഇൻസാൻ പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ടത്.








