ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെക്കുറിച്ചുള്ള ചൈനയുടെ പരാമർശത്തെ തള്ളി ഇന്ത്യ . പ്രധാനമന്ത്രിയുടെ വടക്കുകിഴക്കൻ സംസ്ഥാന സന്ദർശനത്തെ ചൈന എതിർക്കുന്നത് ന്യായമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ് എന്നും അദ്ദേഹം ചുണ്ടിക്കാണ്ടി. പ്രധാനമന്ത്രി മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തിങ്കളാഴ്ച മറുപടി നൽകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രിയുടെ അരുണാചൽ പ്രദേശ് സന്ദർശനവുമായി ബന്ധപ്പെട്ട് ചൈന നടത്തിയ പരാമർശങ്ങൾ ഞങ്ങൾ തള്ളി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതുപോലെ ഇന്ത്യൻ നേതാക്കൾ ഇടയ്ക്കിടെ അരുണാചൽ പ്രദേശ് സന്ദർശിക്കാറുണ്ട്. അത്തരം സന്ദർശനങ്ങളെയോ ഇന്ത്യയുടെ വികസന പദ്ധതികളെയോ എതിർക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. ചൈനയുടെ അവകാശവാദം നിലനിൽക്കില്ല. കൂടാതെ, അരുണാചൽ പ്രദേശ് സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് – പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപാത തുരങ്കമായ സെല ടണലിന്റെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു. ടണലിലൂടെ അതിർത്തി പ്രദേശങ്ങളിലേക്ക് സൈനികരുടെ ഗതാഗതം സുഗമമാകുന്നു. ഇന്ത്യ നിർമിച്ച ടണൽ ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത് എന്നതാണ് റിപ്പോർട്ടുകൾ. ഇതൊടെയാണ് പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനത്തെ എതിർത്ത് ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നത്.
ഇന്ത്യ അനധികൃതമായി സ്ഥാപിച്ച തുരങ്കം അരുണാചൽ പ്രദേശിലെ തങ്ങളുടെ സർക്കാർ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈന വ്യക്തമാക്കിയിരുന്നു. സാങ്നാൻ പ്രദേശം ചൈനയുടെ പ്രദേശമാണ്, അതിൽ ഇന്ത്യയ്ക്ക് അധികാരം ഇല്ല എന്നും അവർ കൂട്ടിച്ചേർത്തു. ദക്ഷിണ ടിബറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ ദീർഘകാല അവകാശവാദമാണ് വാങിന്റെ പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നേരത്തെയും നിരവധി തവണ അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശവാദം ഉയർത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം ഇന്ത്യ ചുട്ട മറുപടിയാണ് നൽകിയിരുന്നത്.
Discussion about this post