തിരുവനന്തപുരം : ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ആണ് എംപിമാരെ തിരഞ്ഞെടുക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അല്ലാതെ എംപിമാരുടെ ജോലി റോഡ് നന്നാക്കൽ അല്ല എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ശശി തരൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“എംപിയെ കാണുമ്പോൾ റോഡ് നന്നാക്കിയില്ല, പെൻഷൻ കിട്ടിയില്ല എന്നൊക്കെയാണ് പലരും പരാതി പറയുന്നത്. എന്നാൽ ഇതൊക്കെ സംസ്ഥാനസർക്കാർ നോക്കേണ്ട കാര്യങ്ങളാണ്. ഒരു എംപിയുടെ പണി റോഡ് നന്നാക്കൽ അല്ല, എംപിമാരുടെ ജോലി ഡൽഹിയിലാണ് ഉള്ളത്. നിലവിൽ കേരളത്തിൽ സംസ്ഥാന ഭരണവും കേന്ദ്ര ഭരണവും വെവ്വേറെ പാർട്ടികളുടെ കയ്യിൽ ആയതിനാൽ എംപി എന്ന നിലയിൽ പല പരിമിതികളും ഉണ്ട്” എന്നും ശശി തരൂർ വ്യക്തമാക്കി.
“ഒരു വർഷം ഒരു എംപിക്ക് മണ്ഡലത്തിനായി വിനിയോഗിക്കാൻ ലഭിക്കുന്ന തുക അഞ്ചു കോടി രൂപയാണ്. എന്നാൽ ഒരു എംഎൽഎയ്ക്ക് മാത്രം 6 കോടി രൂപ വിനിയോഗ തുകയായി ലഭിക്കാറുണ്ട്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സഹകരിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ ജനജീവിതം നന്നാക്കാനും വികസനം കൊണ്ടുവരാനും കഴിയുകയുള്ളൂ. തിരുവനന്തപുരത്തിന്റെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കാനാണ് ഞാൻ എംപി ആകുന്നത് ” എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു








