ആലപ്പുഴ:സിപിഎമ്മിനെതിരെ പരിഹാസവുമായി രമേശ് പിഷാരടി. ഇവിടെ ആളെക്കൂട്ടിയിട്ടു കാര്യമുണ്ടോ. ഡൽഹിയിൽ നൂറുപേരെയെങ്കിലും കൂട്ടാൻ പറ്റേണ്ടേ. ഡൽഹിയിൽ ഇവർ യാത്ര ചെയ്യുന്ന വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരുമെന്നായിരുന്നു പരിഹാസം.കേരളം, കേന്ദ്രം ഞെക്കി, ഞെരുക്കുന്നു, അമർത്തുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഇരിക്കുകയാണെന്ന് പിഷാരടി വിമർശിച്ചു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന മഹിളാ ന്യായ് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.
കുറച്ചുകാലം കെസി വേണുഗോപാൽ ആലപ്പുഴയിൽനിന്ന് മാറിനിന്നു. പുലിമുരുകനിലെ ഡയലോഗ് പോലെ, കെസി വേണുഗോപാൽ പതുങ്ങിയത് പേടിച്ചിട്ടില്ല, കുതിച്ചുചാടാൻ വേണ്ടിയാണ്. പോയ കെസി അല്ല തിരിച്ചുവന്നിരിക്കുന്നത്. ദേശീയ നേതാവായാണ് അദ്ദേഹം നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നതെന്നും നടൻ പറഞ്ഞു.
എംഎൽഎയും എംപിയും ആയപ്പോഴും അല്ലാതിരുന്നപ്പോഴും കെസി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ ഉണ്ടായിരുന്നു. കണ്ണൂരിൽനിന്ന് പെട്ടിയുമായി വന്ന സമയം മുതൽ ഇതുവരെ അദ്ദേഹത്തിന് ഇവിടെ ഓഫീസുണ്ട്. കെസി ആലപ്പുഴയിൽ ഇല്ലെങ്കിൽ മാത്രമേ നമുക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മറ്റൊരാളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.












