മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് താൻ എൻഡിഎ സഖ്യത്തിന് പിന്തുണ നൽകുന്നതെന്നും രാജ് താക്കറെ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കു മുൻപ് ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള രാജ് താക്കറെയുടെ കൂടിക്കാഴ്ച നിരവധി അഭ്യൂഹങ്ങൾക്കാണ് വഴി വച്ചിരുന്നത്.
മുംബൈയിൽ വച്ച് നടന്ന എം എൻ എസ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ ക്കും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിനും പൂർണ്ണപിന്തുണ നൽകുമെന്ന് രാജ് താക്കറെ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിലെ ബിജെപി, ശിവസേന, എൻസിപി സഖ്യത്തിന് നിരുപാധിക പിന്തുണ നൽകുമെന്നും എംഎൻഎസ് റാലിയിൽ രാജ് താക്കറെ പ്രഖ്യാപിച്ചു. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ആദ്യമായി പറഞ്ഞ വ്യക്തി താനാണെന്നും രാജ് താക്കറെ അനുസ്മരിച്ചു.
മുംബൈയിലെ ശിവാജി പാർക്കിൽ വച്ചായിരുന്നു മഹാരാഷ്ട്ര നവ നിർമ്മാണ സേനയുടെ റാലി നടന്നത്. എല്ലാം നവനിർമാൺ സേനാ പ്രവർത്തകരും നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനും തയ്യാറാകാനായും രാജ് താക്കറെ ആഹ്വാനം ചെയ്തു. മഹായുതി സഖ്യത്തിന് നിരുപാധിക പിന്തുണ നൽകിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാജ് താക്കറെയ്ക്ക് നന്ദി അറിയിച്ചു.
Discussion about this post