തിരുവനന്തപുരം: ആറ് വർഷത്തോളമായി ദുരൂഹത മായാതെ നിൽക്കുകയാണ് പത്തനംതിട്ടയിലെ ജസ്‌നയുടെ തിരോധാനം. മകളുടെ തിരോധനത്തിൽ പോലീസും സിബിഐയും കൈവിട്ടെന്ന് തോന്നിത്തുടങ്ങിയപ്പോൾ ജസ്‌നയുടെ പിതാവ് ജെയിംസ് നടത്തിയ സമാന്തര അന്വേഷണത്തിൽ കെണ്ടത്തിയത് നിർണായകമായ കണ്ടെത്തലുകളാണ്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നറിയാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കാൻ കേരളത്തിലെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സിബിഐ കോടതിയെ സമീപിച്ചതിന് പിന്നാലെ പിതാവ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നതത്.
തന്റെ മകൾ ജീവിച്ചിരിപ്പില്ലെന്നും അതിൽ ജെസ്‌നയുടെ അജ്ഞാതനായ സുഹൃത്തിന് പങ്കുണ്ടെന്നുമായിരുന്നു പിതാവിന്റെ കണ്ടെത്തൽ. പ്രതിയെന്ന് സംശയമുള്ള ആളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കാമെന്നാണ് പിതാവ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. ജെസ്‌നയുമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പിതാവ് പറയുന്നു. തന്റെ പിന്നാലെ സിബിഐ ഉണ്ടെന്ന് അറിഞ്ഞാൽ, മകളെ ദുരുപയോഗം ചെയ്ത പ്രതി തെളിവുകൾ നശിപ്പിച്ചേക്കാം. ചെറിയ തെറ്റിന് പോലും വലിയ വില നൽകേണ്ടി വരും. രഹസ്യമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം സുഹൃത്തിന്റെ ചിത്രങ്ങളുൾപ്പെടെ നൽകാമെന്ന് പിതാവ് അറിയിച്ചിട്ടുണ്ട്.
ജെസ്‌ന തിരോധാനത്തിലെ സുഹൃത്തിന്റെ പങ്ക് സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് പിതാവിന്റെ ആരോപണം. ജെസ്‌നയെ കാണാതായ പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയിലും സിബിഐ അന്വേഷണം എത്തിയിട്ടില്ല. പതിവില്ലാതെ ആർത്തവ സമയത്ത് ജെസ്‌നയ്ക്ക് അമിത രക്തശ്രാവം ഉണ്ടായിരുന്നതായി സഹോദരി മൊഴി നൽകിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ലം ഡിവൈഎസ്പി അന്വേഷണത്തിന് ശേഖരിച്ചിരുന്നെങ്കിലും അത് രാസപരിശോധനയ്ക്ക് അയച്ചിരുന്നല്ലെന്നും പിതാവ് പറയുന്നു.












