ലഖ്‌നൗ : ഇന്ത്യൻ പൗരനായ സച്ചിൻ മീണയെ വിവാഹം ചെയ്യുന്നതിനായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദർ വലിയ ജനശ്രദ്ധയായിരുന്നു നേടിയിരുന്നത്. ഇപ്പോഴിതാ സച്ചിന്റെയും സീമയുടെയും വിവാഹത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യുകയാണ് നോയ്ഡ കോടതി. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സീമ ഹൈദറിന് സമൻസ് അയച്ചിട്ടുണ്ട്.
സീമ ഹൈദറിന്റെ ആദ്യ ഭർത്താവായ ഗുലാം ഹൈദർ സമർപ്പിച്ച ഹാർജിയെ തുടർന്നാണ് നോയ്ഡ കോടതി ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. പാകിസ്താനിൽ ഒരു വിവാഹബന്ധം നിലനിൽക്കെ സീമ ഇന്ത്യയിൽ എത്തി മറ്റൊരു വിവാഹം കഴിച്ചതിന്റെ നിയമ സാധുത ആരാഞ്ഞാണ് ഗുലാം ഹൈദർ നോയ്ഡയിലെ കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞവർഷമായിരുന്നു ഗ്രേറ്റർ നോയ്ഡ സ്വദേശിയായ സച്ചിൻ മീണയെ വിവാഹം കഴിക്കുന്നതിനായി സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയിരുന്നത്.
ഓൺലൈൻ ഗെയിം ആയ പബ്ജിയിലൂടെ ആയിരുന്നു സച്ചിൻ മീണയും സീമ ഹൈദറും പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആവുന്നതും. നേരത്തെ വിവാഹിതയായിരുന്ന സീമ പാകിസ്‌താനിൽ നിന്നും നേപ്പാളിൽ എത്തിയാണ് സച്ചിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇവർ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ഈ വിവാഹത്തിന്റെയും തന്റെ മക്കളുടെ മതപരിവർത്തനത്തിന്റെയും നിയമ സാധുത ചോദ്യം ചെയ്ത് ഗുലാം ഹൈദർ ഇന്ത്യയിലെ ഒരു അഭിഭാഷകൻ മുഖേന നോയ്ഡ കോടതിയിൽ ഹർജി നൽകുകയായിരുന്നു.








