ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്. വോട്ടെടുപ്പ് ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും പോളിംഗ് ചട്ടങ്ങൾ ലംഘിച്ചതിനുമാണ് വിജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 200ലേറെ പേരടങ്ങുന്ന ആൾക്കൂട്ടവുമായി ആയിരുന്നു ഇന്നലെ നടന്ന വോട്ടെടുപ്പിൽ വിജയ് വോട്ട് ചെയ്യാനായി എത്തിയിരുന്നത്.
വിജയ്ക്കൊപ്പം എത്തിയ ആൾക്കൂട്ടം പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയതോടെ വോട്ട് ചെയ്യാനായി കാത്തുനിന്നിരുന്ന പൊതുജനങ്ങൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് വിജയ് ആൾക്കൂട്ടത്തോടൊപ്പം പോളിംഗ് ബൂത്തിൽ എത്തിയത് എന്നാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചത്. തുടർന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് വിജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചെന്നൈയിലെ നീലങ്കരൈ പോളിംഗ് ബൂത്തിൽ ആയിരുന്നു വിജയ് വോട്ട് ചെയ്യാനെത്തിയിരുന്നത്. ആൾക്കൂട്ടവുമായി എത്തി പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിച്ചു എന്ന് കാണിച്ച് ഏതാനും സാമൂഹ്യ പ്രവർത്തകർ ആണ് വിജയ്ക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്നാണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ നടനെതിരെ കേസ് എടുത്തിരിക്കുന്നത്.








