ന്യൂഡൽഹി : ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും പൂർണ്ണമായി പാടുന്നത് ഒഴിവാക്കി ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രമേയം പാസാക്കി ഭരണകക്ഷിയായ ബിജെപി. പാർട്ടിയുടെ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് വന്ദേമാതരത്തിന്റെ ചരിത്രപരമായ പാരമ്പര്യവും അന്തസ്സും സംരക്ഷിക്കുമെന്നും വോട്ട് ബാങ്ക് രാഷ്ടീയത്തിനായി ദേശീയ ഗാനത്തിന്റെ മഹത്വം കുറച്ചുകാണിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി പ്രമേയം പാസാക്കിയത്. 1937-ലെ കോൺഗ്രസ് പ്രമേയം പുനഃപരിശോധിച്ച് പുനഃസ്ഥാപിക്കാനുള്ള പ്രതിപക്ഷ നീക്കം വർഗീയ പ്രീണനത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ദേശീയ ബോധത്തോടുള്ള അപമാനമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ വിമർശിച്ചു.
1950-ൽ ഭരണഘടനാ നിർമ്മാണ സഭയും പിന്നീട് പാർലമെന്റും വന്ദേമാതരത്തിന് നൽകിയ ഭരണഘടനാപരമായ പദവിയെ മറികടക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തന സമിതി പ്രമേയത്തിന് സാധിക്കില്ലെന്ന് ബിജെപി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരകാലത്ത് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ട വീര്യമായി മാറിയ വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കപ്പെടേണ്ടതുണ്ടെന്ന് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് ബിജെപി വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ പതിനായിരക്കണക്കിന് രക്തസാക്ഷികൾക്ക് ആവേശം പകർന്ന ദേശീയ ഗാനത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിഭജിക്കുന്നത് ചരിത്രപരമായ തെറ്റാണെന്നും, 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പൂർണ്ണ വന്ദേമാതരം രാജ്യത്തിന്റെ പ്രധാന മന്ത്രമായി നിലകൊള്ളുമെന്നും പാർട്ടി വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ ചരിത്രവും പ്രാധാന്യവും വരുംതലമുറയിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. യുവതലമുറയെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചും വന്ദേമാതരം സൃഷ്ടിച്ച ദേശീയ ഉണർവിനെക്കുറിച്ചും ബോധവൽക്കരിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് ഓഗസ്റ്റ് 15-ന് കോൺഗ്രസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തൽ ചടങ്ങിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിൽ വിഷയത്തിൽ രാഷ്ട്രീയ പോര് അതിരൂക്ഷമായത്. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.








