ന്യൂഡൽഹി : രാജ്യത്തെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി മുതൽ പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ (സീൽ പതിക്കൽ) പതിക്കേണ്ടതില്ല. സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ ക്ലിയറൻസിനായി സ്മാർട്ട്‌ഫോണുകളിലെ ഇ-ബോർഡിങ് പാസുകൾ (e-boarding pass) ഉപയോഗിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉത്തരവിറക്കി. വിമാനത്താവള അതോറിറ്റികൾക്കും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും (CISF) ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. പേപ്പർ ബോർഡിങ് പാസ് കയ്യിൽ സൂക്ഷിക്കുന്നവർക്ക് അത് തുടരാമെങ്കിലും അതിലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇനി മുതൽ സീൽ പതിക്കില്ല.
ഫിസിക്കൽ ബോർഡിങ് പാസുകളിൽ സീൽ പതിക്കുന്ന പരമ്പരാഗത രീതി യാത്രക്കാർക്ക് വലിയ സമയം നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. പലപ്പോഴും അശ്രദ്ധമായി പതിക്കുന്ന മഷി സീലുകൾ കാരണം ബോർഡിങ് പാസുകളിലെ വിവരങ്ങൾ വ്യക്തമാകാതെ വരുന്നത് സാങ്കേതിക തടസ്സങ്ങൾക്ക് കാരണമായിരുന്നു. ആഭ്യന്തര യാത്രക്കാർക്കും അന്താരാഷ്ട്ര യാത്രക്കാർക്കുമുള്ള സുരക്ഷാ പരിശോധനാ സമയത്തെ ഫിസിക്കൽ ബോർഡിങ് പാസ് സ്റ്റാമ്പിംഗ് സിഐഎസ്എഫ് വർഷങ്ങൾക്ക് മുൻപേ ഒഴിവാക്കിയിരുന്നുവെങ്കിലും ഇമിഗ്രേഷൻ വിഭാഗത്തിൽ ഈ രീതി തുടർന്നുപോരുകയായിരുന്നു.
ഡിജിറ്റൽ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് വിമാനത്താവളങ്ങളിൽ നടപ്പിലാക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇമിഗ്രേഷൻ പ്രവേശന വേളയിലും പുറത്തുകടക്കുമ്പോഴും പാസ്‌പോർട്ടിൽ പതിക്കുന്ന സീൽ ഒഴിവാക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റും നിലവിൽ പുരോഗമിക്കുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വരുന്ന ഈ പുതിയ പരിഷ്കാരം വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാർക്ക് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഏറെ സഹായകരമാകും.








