സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും ‘മഹാരാജ ഹോസ്റ്റൽ’ സിനിമയിലൂടെ ശ്രദ്ധേയനുമായ അഖിൽ എൻആർഡിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി ഭാര്യ മേഘ നായർ രംഗത്ത്. താൻ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിവെച്ചുകൊണ്ടാണ് മേഘ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തത വരുത്തിയത്. താൻ ഇറങ്ങി വന്നു എന്നത് സത്യമാണെന്നും കഴിഞ്ഞ പത്തു ദിവസമായി അനൂപിന്റെ കൂടെത്തന്നെയാണെന്നും മേഘ കുറിച്ചു.
ഇതിനിടയിൽ സ്വന്തം അച്ഛനെ കാണാൻ പോയപ്പോഴെടുത്ത ചിത്രമാണ് നേരത്തെ പങ്കുവെച്ചതെന്നും, പിന്നീട് അനൂപിന്റെ വീട്ടിൽ തന്നെ തിരിച്ചെത്തിയെന്നും അവർ വ്യക്തമാക്കി. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടിയല്ലെന്നും, അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ പറയാൻ താൽപ്പര്യമില്ലെന്നും മേഘ കൂട്ടിച്ചേർത്തു.
തമ്മിൽ പരസ്പരം കുറ്റങ്ങൾ പറയില്ലെന്ന് ഇരു കൂട്ടരും തമ്മിൽ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും തങ്ങളാരും പരസ്യമായി ഒന്നും പ്രതികരിച്ചിട്ടില്ലാത്തതിനാൽ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് നടക്കുന്നവർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്നും മേഘ ആവശ്യപ്പെട്ടു. അച്ഛന്റെ വീട്ടിൽ നിന്നുള്ള മേഘയുടെ മുൻപോസ്റ്റ് തെറ്റിദ്ധാരണകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.
അതേസമയം, ഉയർന്നുവന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കാതെ, പുതിയ റീൽസുകളുമായി അഖിൽ എൻആർഡി സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയാണ്. നിരവധി ആരാധകരാണ് അഖിലിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.








