ബംഗളൂരു: കർണാടകയിൽ മുസ്ലീം യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ച ഹിന്ദു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും പ്രതിയുമായ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹുബള്ളിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളായ നേഹ ഹിരെമതിനെ സുഹൃത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്താബുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചത്. പ്രദേശത്ത് പഴക്കട നടത്തിവരികയാണ് അഫ്താബ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയും അഫ്താബും തമ്മിൽ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ ഇരവരും നല്ല സുഹൃത്തുക്കൾ ആകുകയായിരുന്നു. സുഹൃത്തായ മുസ്ലീം യുവതി വഴിയാണ് യുവാവിനെ പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്.
അഫ്താബ് പെൺകുട്ടിയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു. എന്നാൽ നേഹയുടെ കൊലപാതകത്തിന് പിന്നാലെ ഭയന്ന പെൺകുട്ടി ഈ സമ്മാനങ്ങൾ അഫ്താബിന് തിരികെ നൽകുകയും സൗഹൃദം തുടരാൻ താത്പര്യമില്ലെന്ന് പറയുകയുമായിരുന്നു. എന്നാൽ ഇത് കേട്ട അഫ്താബ് പെൺകുട്ടിയെ ആളുകൾക്ക് മുൻപിൽവച്ച് മർദ്ദിച്ചു. ഇതിന് പിന്നാലെ സമ്മാനങ്ങളെല്ലാം റോഡിന് നടുവിലേക്ക് ഇട്ട് കത്തിച്ച് കളയുകയായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ടതോടെ അഫ്താബ് ആക്രമണത്തിൽ നിന്നും പിന്മാറി. തുടർന്ന് പെൺകുട്ടിയും കുടുംബവും പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
Discussion about this post