ന്യൂഡൽഹി : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം നൽകാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള ഭക്ഷണങ്ങളാണ് വിൽക്കുന്നത്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 20 രൂപ വിലയുള്ള എക്കണോമി മീൽസും 50 രൂപക്ക് ലഘുഭക്ഷണവും ലഭിക്കും.
സൗത്ത് സെൻട്രൽ റെയിൽവേയിലെ 12 സ്റ്റേഷനുകൾ ഉൾപ്പെടെ 100-ലധികം സ്റ്റേഷനുകളിലും 150-ഓളം കൗണ്ടറുകളിലുമാണ് തുടക്കത്തിൽ ഭക്ഷണം ലഭിക്കുക. ഹൈദരാബാദ്, വിജയവാഡ, റെനിഗുണ്ട, ഗുന്തക്കൽ, തിരുപ്പതി, രാജമുണ്ട്രി, വികാരാബാദ്, പകല, ധോനെ, നന്ദ്യാൽ, പൂർണ, ഔറംഗബാദ് റെയിൽവേ സ്റ്റേഷനുകൾ ആദ്യഘട്ടത്തിൽ ലഭ്യമാകും.
കൂടാതെ പ്ലാറ്റ്ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപമുള്ള കൗണ്ടറുകളിൽ കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ, ഏകദേശം 51 സ്റ്റേഷനുകളിൽ ഈ സേവനം വിജയകരമായി പരീക്ഷിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ പദ്ധതി വിപുലീകരിക്കാൻ പദ്ധതിയിടുന്നുവെന്നും അധികൃതർ പറഞ്ഞു.










