തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രി മകളുടെ കേസ് നടത്താനായി കേരളത്തിന്റെ പൊതുഖജനാവിൽ നിന്നുള്ള പണം എടുക്കുന്നു എന്ന് കെഎം ഷാജി ആരോപണമുന്നയിച്ചു. കെഎസ്ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതാണോ എന്നും ഷാജി ചോദ്യമുന്നയിച്ചു.
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന തെറ്റാണെങ്കിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും കെഎം ഷാജി വ്യക്തമാക്കി. ഇടത് സർക്കാർ നിരന്തരമായി തന്റെ പേരിൽ കേസുകൾ എടുത്ത് വേട്ടയാടുകയാണ്. 14 കേസുകളാണ് ഇപ്പോൾ തന്റെ പേരിലുള്ളത്. എന്നാൽ തനിക്കെതിരെയുള്ള കേസുകൾ പാർട്ടി പണം കൊണ്ടല്ല സ്വന്തം പൈസ കൊണ്ടാണ് നടത്തുന്നത് എന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു കെഎം ഷാജി മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മാഹി ബൈപ്പാസിൽ സിപിഎമ്മിന്റെ വണ്ടി കയറിയാൽ അവർ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തും. മാഹി ബൈപ്പാസ് കഴിഞ്ഞാൽ അവർ രാഹുൽ ഗാന്ധിയെ വേണ്ട എന്ന് പറഞ്ഞു പ്രചാരണം നടത്തും. അത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം എന്നും കെ എം ഷാജി വ്യക്തമാക്കി.
Discussion about this post