ന്യൂഡൽഹി : 2024ലെ ജെഇഇ മെയിൻ പരീക്ഷയുടെ രണ്ടാം സെഷൻ ഫലങ്ങൾ പ്രഖ്യാപിച്ചു. രണ്ടാം സെഷനിൽ 56 വിദ്യാർത്ഥികളാണ് 100 ശതമാനം മാർക്ക് നേടിയിരിക്കുന്നത്. ആദ്യ സെഷനിലും രണ്ടാം സെഷനിലും മികച്ച മുന്നേറ്റവുമായി ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള ഹിമാൻഷു യാദവ് ആണ് പരീക്ഷയിലെ ശ്രദ്ധാകേന്ദ്രം ആയിരിക്കുന്നത്.
ജെഇഇ അഡ്വാൻസ് പരീക്ഷയിലും 100% മാർക്ക് നേടാനാണ് പരിശ്രമിക്കുന്നതെന്ന് ഹിമാൻഷു യാദവ് വ്യക്തമാക്കി. ഐഐടി മുംബൈയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടണമെന്നാണ് ഹിമാൻഷുവിന്റെ ആഗ്രഹം. ജെഇഇ ഒന്നാം സെഷനിൽ 99.5% മാർക്ക് ആയിരുന്നു ഹിമാൻഷു നേടിയിരുന്നത്. മഹാരാജ്ഗഞ്ചിൽ പോലീസ് ഇൻസ്പെക്ടർ ആയ സഞ്ജയ് യാദവിന്റെ മകനാണ് ഹിമാൻഷു യാദവ്.
12.57 ലക്ഷം വിദ്യാർത്ഥികൾ ആയിരുന്നു ജെഇഇ രണ്ടാം സെഷനിൽ പരീക്ഷ എഴുതിയിരുന്നത്. ഇവരിൽ നിന്നും 2,50,284 പേരാണ് ജെഇഇ അഡ്വാൻസ്ഡിന് യോഗ്യത നേടിയിരിക്കുന്നത്. 100% മാർക്ക് നേടിയ 56പേരിൽ 54 ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് ഉള്ളത്. 100% മാർക്ക് നേടിയ 15 വിദ്യാർത്ഥികളുമായി തെലങ്കാന ആണ് സംസ്ഥാന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്രയിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നും 7 വിദ്യാർത്ഥികളും ഡൽഹിയിൽ നിന്ന് 6 വിദ്യാർത്ഥികളും 100% മാർക്ക് നേടിയിട്ടുണ്ട്.
Discussion about this post